തിരുവനന്തപുരം.ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാങ്കൂർ ദേവസ്വം ബോർഡ്. ഒഴിവാക്കാൻ കഴിയാത്ത ഉത്സവങ്ങളിൽ മാത്രം ആനയെ ഉപയോഗിക്കണം. മറ്റിടങ്ങളിൽ ദേവ വാഹനങ്ങൾ ആനയ്ക്ക് പകരമായി ഉപയോഗിക്കണമെന്ന് ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിമാരും ചേർന്ന് നടത്തിയ യോഗത്തിൽ ആണ് നിർദേശം.
ക്ഷേത്ര എഴുന്നള്ളിപ്പിനിടെ അപകടങ്ങൾ കുടുന്ന പശ്ചാത്തലത്തിലായിരുന്നു തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നത്. ഏകപക്ഷീയമായി എഴുന്നള്ളിപ്പുകൾ നിർത്താൻ പാടില്ലെന്ന് പറഞ്ഞ തന്ത്രി സമാജം ചില നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. 15 വർഷം മുമ്പ് തുടങ്ങിയ ആന എഴുന്നള്ളിപ്പ് ചടങ്ങുകൾ ആചാരപരമല്ലെങ്കിൽ നിർത്തലാക്കണം. പുതുതായി എഴുന്നള്ളിപ്പ് തുടങ്ങുന്നവർക്ക് കർശന വ്യവസ്ഥയോടെ ഉചിതമായ ഇടത്ത് മാത്രം അനുവദിക്കുക. ഒരു ആന വേണ്ട സ്ഥലത്ത് 9 ആനയെ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്.
ഒഴിവാക്കാൻ കഴിയാത്ത ഉത്സവങ്ങളിൽ മാത്രം ആനയെ ഉപയോഗിക്കണമെന്നും തന്ത്രിസമാജം പറഞ്ഞു. തന്ത്രിമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന നിർദേശം ബോർഡ് മുന്നോട്ടുവച്ചത്. എഴുന്നള്ളിപ്പിന്റെ ദൈർഘ്യം കുറയ്ക്കണമെന്നും, മറ്റു ഇടങ്ങളിൽ ദേവ വാഹനങ്ങൾ ആനയ്ക്ക് പകരമായി ഉപയോഗിക്കാമെന്നും ദേവസ്വം ബോർഡ് നിർദേശിച്ചു. സംസ്ഥാനത്തെ മറ്റ് ദേവസ്വങ്ങളുമായി ചർച്ച ചെയ്ത ശേഷം നിർദ്ദേശങ്ങൾ സർക്കാരിന് കൈമാറും. സർക്കാരാകും അന്തിമ തീരുമാനമെടുക്കുക.