തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. മേഘ പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തുവെന്നാണ് പോലീസ് കണ്ടെത്തല്‍.
ഐബിയില്‍ തന്നെ ജോലി ചെയ്യുന്ന യുവാവുമായി മേഘ അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി മാനസികമായി തളർന്നുവെന്നുമെന്നാണ് പോലീസ് പറയുന്നത്. ഇതോടെ മേഘ ആത്മഹത്യ ചെയ്‌തുവെന്ന് പോലീസ് നിഗമനത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ബന്ധത്തിനെ കുറിച്ച് മേഘയുടെ ബന്ധുക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുമായുള്ള സൗഹൃദത്തെ കുറിച്ച് കുടുംബത്തോട് മേഘ തുറന്നുപറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ ഈ ബന്ധത്തില്‍ കുടുംബം എതിർപ്പ് അറിയിച്ചിരുന്നു എന്നാണ് സൂചന.
എന്നാല്‍ പിന്നീട് മേഘയുടെ നിർബന്ധത്തിന് കുടുംബം വഴങ്ങുകയും വിവാഹത്തിന് സമ്മതിക്കുകയും ചെയ്‌തു. പക്ഷേ അപ്പോഴേക്കും ഇയാള്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്‌തതെന്ന് കുടുംബം ആരോപിക്കുന്നു. ഇതാണ് മേഘയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകർ ഉള്‍പ്പെടെ ഇക്കാര്യം ശരിവയ്ക്കുന്നതാണ് കുടുംബം പറയുന്നത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘയെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റിന്റെ മൊഴി.
ഇതോടെ ഈ സമയം മേഘ ആരോടാണ് ഫോണില്‍ സംസാരിച്ചതെന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം. എന്നാല്‍ അപകടത്തില്‍ ഫോണ്‍ പൂർണമായും തകർന്നതോടെ നേരിട്ട് വിവരങ്ങള്‍ എടുക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ സൈബർ പോലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാനും, ഫോണ്‍ ചെയ്‌തത് ആരെയാണെന്ന് കണ്ടെത്താനുമാണ് പോലീസ് ശ്രമിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന 25കാരിയായ മേഘ. ഒരുവർഷം മുൻപാണ് മേഘ എമിഗ്രേഷൻ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട കൂടല്‍ കാരയ്ക്കാക്കുഴി സ്വദേശിയായ മധുസൂദനൻ, നിഷ എന്നിവരുടെ ഏക മകളായിരുന്നു മേഘ. യുവതിക്ക് ഏതെങ്കിലും തരത്തില്‍ പ്രശ്‌നം ഉണ്ടായതായി മാതാപിതാക്കള്‍ക്ക് അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളില്‍ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം കുടുംബം അറിഞ്ഞത്. ഇതോടെയാണ് അവർ പോലീസിനെയും ഐബിയെയും അന്വേഷണത്തിനായി സമീപിച്ചത്.