വയനാട്. ജില്ലയില്‍ വന്‍ എംഡിഎംഎ വേട്ട. തോല്‍പ്പെട്ടിയില്‍ നടത്തിയ പരിശോധനയ്ക്കിടെ പിടികൂടിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 285 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലാണ്
കഴിഞ്ഞ പത്തൊമ്പതാം തിയതി മാനന്തവാടി തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് 6.9 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി ജാബിര്‍, മുളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്നുമാണ് എംഡിഎംഎയുമായി ഇരുവരും എത്തിയത്. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ എംഡിഎംഎ കാറില്‍ സൂക്ഷിച്ചതായുള്ള വിവരം വ്യക്തമായത്. കാറിന്‍റെ ഡിക്കിയില്‍ പാക്കറ്റുകളില്‍ നിറച്ച 285 ഗ്രാം എംഡിഎംഎ ആണ് എക്സൈസ് പിടികൂടിയത്. വയനാട്ടില്‍ അടുത്തിടെ പിടികൂടിയ വന്‍ ലഹരിവേട്ടയാണിത്. ചില്ലറ വില്‍പന നടത്താനാണ് ഇവര്‍ ഇത് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നാണ് ലഹരികടത്ത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്.