തിരുവനന്തപുരം: നെടുമങ്ങാട് നിന്ന് മിഠായി രൂപത്തിലുള്ള ലഹരിമരുന്നുമായി മൂന്ന് പേർ പിടിയിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ്. തമിഴ്നാട് സ്വദേശികളായ പ്രശാന്ത് (32), ഗണേഷ് (32), മാർഗ (22) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന് സമീപത്തായിരുന്നു ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.
ഹോസ്റ്റലിന്റെ അഡ്രസിലായിരുന്നു ലഹരിമരുന്നിന്റെ പാഴ്സൽ എത്തിയിരുന്നത്.തിരുവനന്തപുരം റൂറൽ എസ്പിയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ഉദ്യോഗസ്ഥർ ഇവരുടെ വാടക വീട്ടിലെത്തിയത്. പരിശോധിച്ചപ്പോൾ ടെട്രാഹൈഡ്രോകന്നാബിനോൾ ചേർത്ത 105 മിഠായികൾ കണ്ടെത്തി. മിഠായിക്ക് കറുത്ത നിറമായിരുന്നു. മൂന്ന് പേരും ടൈൽ ജോലിക്കാരാണ്.ഇതിൻ്റെ ഉറവിടവും, മിഠായി ആർക്ക് നൽകുവാൻ എത്തിച്ചു എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.