തിരുവനന്തപുരം. ബിജെപി നേതാവ് വി വി രാജേഷിനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. രാജീവ് ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി രാജേഷ് ആണെന്നും, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. വിവാദത്തിൽ ജില്ലാ കമ്മിറ്റിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അതൃപ്തി അറിയിച്ചു.
ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് സംസ്ഥാന, ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകൾ. ഇഡി റബ്ബർ സ്റ്റാമ്പ് അല്ലെങ്കിൽ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണം വാങ്ങി രാജിവ് ചന്ദ്രശേഖരനെ തോൽപ്പിച്ചത് രാജേഷാണ്. കഴിഞ്ഞ 15 വർഷത്തിനിടയിലെ വിവി രാജേഷിന്റെ സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിക്കണം. തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡൻറ് ആയിരിക്കെ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ കമ്മിറ്റി ഇടപെട്ട് പോസ്റ്ററുകൾ നീക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അതൃപ്തി രേഖപ്പെടുത്തി. പോസ്റ്റർ പതിപ്പിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ സെൻട്രൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി.
പാർട്ടിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കൽ കോളജ് കോഴ വിവദാത്തിൽ രാജേഷിനെതിരെ പാർട്ടി നടപടി എടുത്തിരുന്നു.