കൊടകര കേസിൽ ഇഡി സംരക്ഷിച്ചത് ബിജെപിയുടെ താത്പര്യമെന്ന് എംവി ഗോവിന്ദൻ: 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച്

Advertisement

തിരുവനന്തപുരം: കൊടകര കേസിൽ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത് ഇഡി രാഷ്ട്രീയ പ്രേരിത ഏജൻസിയെന്ന സിപിഎം വാദം ശരിവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുഴൽപ്പണ വിനിമയം കേരളാ പൊലീസ് അന്വേഷിച്ച് കേസിന്റെ സ്വഭാവം വച്ചാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാർജ്ജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താത്പര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29 ന് കൊച്ചി ഇഡി ഓഫീലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തില്ലെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസെടുത്തു. കെ സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്. വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല.

കള്ളപ്പണ കേസ് തന്നെ രൂപം മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. ശുദ്ധ അസംബന്ധങ്ങളാണ് പറയുന്നത്. കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചിറ്റ് നൽകുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കരുവന്നൂരിൽ മാധ്യമങ്ങൾക്ക് കേന്ദ്ര ഏജൻസികൾ തെറ്റായ വിവരങ്ങൾ നൽകി. എസി മൊയ്‌തീൻ്റെ വീട്ടിൽ ലക്ഷങ്ങൾ കെട്ടിക്കിടക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു.

ആശ സമരം അടക്കം ഒരു സമരത്തെയും സിപിഎം തള്ളിപ്പറയാറില്ല. എന്നാൽ ഇവിടെ മഴവില്‍ സഖ്യമാണ് സമരത്തിന് പിന്നില്‍. എസ്‌യുസിഐയെ മുന്‍നിര്‍ത്തി വര്‍ഗീയ ശക്തികള്‍ ആശ സമരത്തിന് പിന്നിലുണ്ട്. ദേശ വ്യാപക സമരം ആശ പ്രവര്‍ത്തകര്‍ക്കായി നടത്തേണ്ടതാണ്. എന്നാൽ ഇവിടെ സമരം സംസ്ഥാന സര്‍ക്കാരിന് എതിരായി മാത്രം നടത്തുകയാണ്. തൊലിപ്പുറത്തെ നിറവും തരവും നോക്കിയല്ല വ്യക്തിത്വം അളക്കേണ്ടതെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. കരിങ്കുരങ്ങ് എന്ന് വിളിച്ച് വരെ മനുഷ്യരെ ആക്ഷേപിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here