കൊച്ചി.എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണി പെരുമ്പാവൂരിൽ പിടിയിൽ.അസാം സ്വദേശി റബിൻ മണ്ഡലാണ് 9 കിലോ കഞ്ചാവുമായി പിടിയിലായത് .കഞ്ചാവ് വിറ്റ് ലഭിച്ച പതിനായിരം രൂപയും ഇയാളിൽ നിന്ന് പിടികൂടി.
റോബിൻ ഭായ് എന്ന പേരിൽ അറിയപ്പെടുന്ന അസാം സ്വദേശി റബിൻ മണ്ഡൽ ആണ് ഇന്നലെ വൈകിട്ട് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ എസ് പി യുടെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് പ്ലാസ്റ്റിക് ചാക്കിലും ചെറിയ മൂന്നു പൊതികളിലും ആയി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഴിഞ്ഞ ദിവസം ലഹരി വിൽപ്പന്നങ്ങളുമായി കുറച്ച് വിദ്യാർത്ഥികളെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് നൽകുന്ന മുഖ്യ കണ്ണി കോളനിയിൽ താമസിക്കുന്ന റോബിൻ ഭായ് ആണ് എന്ന് വ്യക്തമായത്. എറണാകുളം ജില്ലയിലെ പല കോളേജുകളിലും കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ
കഞ്ചാവ് വിറ്റ് ലഭിച്ച പതിനായിരം രൂപയും പിടികൂടി.വിദ്യാർത്ഥികളുമായി വാട്സപ്പ് വഴി ബന്ധപ്പെട്ട് 500 1000 രൂപ നിരക്കിലാണ് വിൽപ്പന. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രിയിലും പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിൽ ഭായി കോളനിയിലും പരിസരത്തെ കെട്ടിടങ്ങളിലും പരിശോധനകൾ നടന്നു. പരിശോധനയ്ക്കിടയിൽ ഇയാളുടെ കൂട്ടാളിയായ മറ്റൊരു പ്രതിയെ കൂടി പിടികൂടി.