മലപ്പുറം: ഒരേ സൂചി ഉപയോഗിച്ചുള്ള ലഹരി ഉപയോഗിച്ച് മലപ്പുറം വളാഞ്ചേരിയില്‍ എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ നാല് പേര്‍ മലയാളികള്‍. ബാക്കി ആറ് പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.
ജയിലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവച്ചവര്‍ക്കാണ് അസംഖം ബാധിച്ചിരിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും യുവാക്കളാണ്. ജയിലില്‍ നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്.
10പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍പേരെ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുംപേര്‍ക്ക് ഒരുമിച്ച് എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറിലാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജയിലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണു ലഹരി സംഘത്തില്‍പെട്ടൊരാള്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചത്.
തൊട്ടുപിന്നാലെ ഇയാളുടെ സുഹൃത്തിനെ ആരോഗ്യ വകുപ്പു വിളിച്ചുവരുത്തി. പരിശോധനയില്‍ ആ സുഹൃത്തിനും എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. രോഗം ബാധിച്ച രണ്ട് പേരും ലഹരി സംഘത്തില്‍പെട്ടവരായിരുന്നു. ഇതോടെ ഇവരുമായി ബന്ധമുള്ള മറ്റു 10 പേരിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കൂടെയുള്ളവര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതോടെ ഇവരുമായി ബന്ധമുള്ള മറ്റു 3 പേര്‍ സ്വന്തം നിലയ്ക്ക് പരിശോധന നടത്തുകയായിരുന്നു.പരിശോധനയില്‍ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രണ്ടുമാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സ്‌ക്രീനിംഗ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവങ്ങളിലൂടെയും എച്ച്‌ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അണുബാധ ഉണ്ടാകാം. എന്നാല്‍ ഉമിനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ എച്ച്‌ഐവി പകരില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.