വിഷം ഉള്ളിൽചെന്ന മലയാളി സൈനികനും ഭാര്യയും മരിച്ചു

Advertisement

തേ‍ഞ്ഞിപ്പലം: ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ പള്ളിക്കര നിധീഷ് (31) ആണ് ഇന്നലെ മരിച്ചത്.

നിധീഷിന്റെ ഭാര്യ കെ.റിൻഷ (31) ചൊവ്വാഴ്ച ജമ്മുവിൽ മരിച്ചതിനെ തുടർ‌ന്ന് ഇന്നലെ ഇരുമ്പൻകുടുക്കിൽ‍ എത്തിച്ചു സംസ്കരിച്ചു. തുടർന്നു മണിക്കൂറുകൾക്കകമാണ്, നിധീഷ് മരിച്ചതായി ജമ്മുവിൽനിന്നു വിളിയെത്തിയത്. കണ്ണൂർ പിണറായിയിൽ തയ്യിൽ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണു മരിച്ച റിൻ‍ഷ. നിധീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചു സംസ്കരിക്കും.

ജമ്മു കശ്മീരിലെ സാംപയിലെ ക്വാർട്ടേഴ്സിൽ ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മദ്രാസ് 3 റജിമെന്റിൽ‍ 13 വർഷമായി നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനി ആയിരുന്നു റിൻഷ. നിധീഷ് ഡിസംബറിൽ അവധിക്കു വന്നപ്പോൾ റിൻഷ ഒപ്പം ജമ്മുവിലേക്കു പോയതായിരുന്നു.

മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. നിധീഷിന്റെ ഉറ്റവരിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്. നിധീഷിന്റെ സഹോദരങ്ങൾ: സുർജിത്ത് (ഏരിയ മാനേജർ‍, മുത്തൂറ്റ് മൈക്രോഫിൻ), അഭിജിത്ത് (സൂപ്പർവൈസർ, റിലയൻസ് വെയർ ഹൗസ്). റിൻഷയുടെ സഹോദരങ്ങൾ: സുഭിഷ, സിൻഷ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here