2025 മാർച്ച് 28 വെള്ളി
BREAKING NEWS
തിരുവനന്തപുരം പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു. പൂജപ്പുര എസ് ഐ സുധീഷിന് പരിക്കേറ്റു . പ്രതി ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു.
കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ ഓഫീസിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ബിസ്മി ഓഫീസിലെത്തിയില്ല.
കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിൽ നാട്ടുകാരും വ്യാപാരികളും തമ്മിൽ ഏറ്റുമുട്ടൽ, 5 പേർക്ക് പരിക്കേറ്റു

സി എം ആർ എൽ എക്സാലോജിക്ക് കേസ് വിജിലൻസ് അന്വേഷിക്കണമെന്ന റിവിഷൻ ഹർജിയിൽ ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി വിധി പറയും
ആലുവ ചൂണ്ടിയിൽ 7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അബ്ദുള്ള മാലിത്യ കസ്റ്റഡിയിൽ
ജസ്റ്റീസ് യശ്വന്ത് വർമ്മക്കെതിരെ ക്രിമിനൽ കേസ്സെടുക്കണമെന്ന മലയാളി അഭിഭാഷകൻ്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റശേഷമുള്ള ആദ്യ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

ആശാ വർക്കർമാരുടെ സമരം ഇന്ന് 47-ാം ദിനത്തിലേക്ക്, നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക്
കരുനാഗപ്പള്ളിയിലെ ഗുണ്ടാ ആക്രമണ കൊലക്കേസ്സിലെ പ്രതികളെ ഇനിയും പിടികിട്ടിയില്ല.
മലപ്പുറം തിരുരിൽ 141.58 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ
കേരളീയം
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 7 സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്നത്.
വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് പിരിക്കുക. ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.
സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്.
ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള സങ്കീര്‍ണതകള്‍ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവര്‍ക്ക് ഇങ്ങനെ രേഖകളില്‍ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. എക്സാലോജിക്, സിഎം ആര്‍ എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്.

തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 26ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 612 പേരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ കൂട്ടുപുഴ ചെക്പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്ന് നൂറ്റിയന്‍പത് തോക്കിന്‍ തിരകള്‍ കണ്ടെത്തി. വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ ബര്‍ത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്.

തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക കണ്ടെത്തല്‍.
കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ദേശീയം
പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കയില്‍ ചര്‍ച്ച നടത്തി. 9 വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികള്‍ ചര്‍ച്ച നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള 5 അംഗ സംഘം ലങ്കയിലെ വടക്കന്‍ മേഖലയിലെ മത്സ്യത്തോഴിലാളികളുമായാണ് ചര്‍ച്ച നടത്തിയത്.
രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025 ലോക്‌സഭ അംഗീകരിച്ചു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

ത്രിഭാഷ വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. യോഗിയുടെ പരാമര്‍ശങ്ങള്‍ പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തമിഴ്‌നാട് ഒരു ഭാഷയെയും എതിര്‍ക്കുന്നില്ല. സംസ്ഥാനം അടിച്ചേല്‍പ്പിക്കലിനും വര്‍ഗീയതയ്ക്കും എതിരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിട്ടുണ്ട്.
അന്തർദേശീയം
പാകിസ്ഥാനിലെ ബലൂചിസ്താനിന്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗ്വാദറിലെ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ബസ് തടഞ്ഞുനിര്‍ത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനെതിരേയും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഹമാസ്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ജനപ്രക്ഷോഭത്തെ ഹമാസിനെതിരായി ചിത്രീകരിച്ചതാണെന്നും വാസ്തവത്തില്‍ ഇസ്രയേലിന്റെ യുദ്ധത്തിനും അധിനിവേശത്തിനും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും ഹാമസ് വക്താവ് ബാസിം നയിം അല്‍-അറബി ടെലിവിഷന്‍ നെറ്റ്വര്‍ക്കിനോട് പറഞ്ഞു.
തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. വിസ അപ്പോയിന്‍മെന്റുകളില്‍ ബോട്ടിന്റെ ഇടപെടല്‍ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടയില്‍ വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. പുതിന്റെ മരണം ഉടന്‍ സംഭവിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെന്‍സ്‌കി പറഞ്ഞതായി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കായികം
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 26 പന്തില്‍ 70 റണ്‍സെടുത്ത നിക്കോളാസ് പുരാന്റെ മികവില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.