സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണമില്ലെന്ന വിധി മാത്യു കുഴല്‍ നാടനും പ്രതിപക്ഷത്തിന് ഒട്ടാകെയും തിരിച്ചടിയായി

Advertisement

കൊച്ചി. സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണമില്ലെന്നത് മാത്യു കുഴല്‍ നാടനും പ്രതിപക്ഷത്തിന് ഒട്ടാകെയും തിരിച്ചടിയായി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി റദ്ദാക്കി. മതിയായ വസ്തുതകൾ ഉണ്ടെങ്കിൽ വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രിയും, മകളും, വിവിധ രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളാണ് ഹൈക്കോടതി തള്ളിയത്. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം. ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്ന് മാത്യു സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് തള്ളിയത്. അതേസമയം ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം അനാവശ്യം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.

സിഎംആർഎല്ലിൽ നിന്നും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യം തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയിൽ എത്തിയത്. ഹർജി പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചതിനെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചായിരുന്നു വിഷയം കോടതി പരിശോധിച്ചത്.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

മാത്യൂ കുഴല്‍നാടന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി, തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേത് വിചാരണയെന്ന വാദം ഹൈക്കോടതി തള്ളി,വസ്തുതകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദവും സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ല. സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് മാത്യൂ കുഴല്‍നാടന്‍ നല്‍കിയത്

സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല. ഇത് പൊതുപ്രവര്‍ത്തകരെ കളങ്കപ്പെടുത്തുന്നതിന് കാരണമാകും. പൊതുപ്രവര്‍ത്തകരെ പ്രതിയാക്കി വിളിച്ചുവരുത്തുന്ന നടപടി ഗൗരവതരം. ഇത് പൊതുപ്രവര്‍ത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തുമെന്ന് ഹൈക്കോടതി

വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ മാത്യൂ കുഴല്‍നാടന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. മാത്യൂ കുഴല്‍നാടന്റെ തെളിവുകള്‍ തള്ളി ഹൈക്കോടതി

മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകള്‍ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ല. വിശ്വാസ്യതയില്ലാത്ത രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here