എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഏക പ്രതി, അപമാനിക്കാൻ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രം

Advertisement

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെന്ന് പൊലീസിന്റെ കുറ്റപത്രം.

ദിവ്യയുടെ പ്രസംഗമാണ് നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിഐജിയുടെ അനുമതി കിട്ടിയാലുടൻ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും.

നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് നവീനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണ്. സ്വന്തം ഫോണില്‍ നിന്ന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 400ഓളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്.

നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ദിവ്യയാണെന്ന ആരോപണത്തിന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടും അടിവരയിടുന്നു. പെട്രോള്‍ പമ്ബ് അനുമതിക്ക് നവീൻ കൈക്കൂലി വാങ്ങിയതിനോ, ചോദിച്ചതിനോ തെളിവില്ല. എല്ലാം ദിവ്യ കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാകാം. അപമാനിക്കാൻ ദിവ്യ ആസൂത്രിതശ്രമം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. റവന്യു വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോർട്ട് കൈമാറിയിരിക്കുകയാണ്.

കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് തൂങ്ങിമരിച്ച നിലയില്‍ നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തലേദിവസം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്നിരുന്നു. ഇതിനിടെ ചടങ്ങിലെത്തിയ അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു.

ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ ടി.വി.പ്രശാന്തൻ എന്നയാള്‍ തുടങ്ങുന്ന പെട്രോള്‍ പമ്ബിന് എൻ.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകള്‍. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എഡിഎമ്മിന് ഉപഹാരം നല്‍കുമ്ബോള്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്. ഇതിന് പിന്നാലെയാണ് രാവിലെ നവീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here