കൊല്ലം:കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവായ ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി അലുവ അതുൽ പോലീസിനെ വെട്ടിച്ച് കടന്നു. വാഹന പരിശോധനയ്ക്കിടെ ഇയാളും ഭാര്യയും കുഞ്ഞും പോലീസിനെ വെട്ടിച്ച് ആലുവാ ഭാഗത്തേക്ക് കടന്നു.
ഇതിനിടെ പ്രതികൾ എത്തിയ ഇന്നോവ കാർ പൊലീസ് കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി വയനകം ഭാഗത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്.
വാഹനത്തിൽ നിന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ലഭിച്ചു.
സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിന് ശേഷം മറ്റൊരാൾക്ക് കൂടി വെട്ടേറ്റിരുന്നു. ഓച്ചിറ വവ്വാക്കാവിൽ സൂച അനീറിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. കരുനാഗപ്പള്ളിയിലും വവ്വാക്കാവിലും വെട്ടിയത് ഒരേ സംഘമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അലുവ അതുലും സംഘവുമാണ് വെട്ടിയതെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് അറിയിച്ചു.പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.