തിരുവനന്തപുരം: പേയാടിനടുത്ത് കുണ്ടമൺ കടവ് മൂലത്തോപ്പ് മങ്ങാട്ടുകടവ് റോഡിലുള്ള നൈർമല്യ ഡീ അഡിക്ഷൻ കൗൺസിലിംഗ് ആൻഡ് നാഷണൽ റിസോഴ്സസ് സെന്റർ, അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. നശീകരണത്തിലേക്ക് കാൽ വച്ചിരുന്ന നിരവധി ആളുകളുടെ ജീവിതങ്ങൾ മാറ്റിമറിച്ച് കഴിഞ്ഞ ഒരു ദശാബ്ദ കാലം പുതിയൊരു പ്രതീക്ഷയുടെ കിരണമാവുകയാണ് ഈ കേന്ദ്രം.
നഷ്ടപ്രതീക്ഷയോടെ ജീവിതം തളർന്നവർക്കായി ഒരു കൈത്താങ്ങാകാൻ എന്ന ലക്ഷ്യത്തോടെയായിരുന്നു, മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിന്റെ മിഷൻ പ്രോജക്ടുകളുടെ ഭാഗമായി പത്തു വർഷങ്ങൾക്കു മുമ്പ് നൈർമല്യ സെന്റർ ആരംഭിച്ചത്. ശാരീരികവും മാനസികവുമായ ചികിത്സ, പ്രൊഫഷണൽ കൗൺസിലിംഗ്, കുടുംബ പിന്തുണ പരിപാടികൾ, ഗ്രൂപ്പ് തെറാപ്പികൾ, ആത്മീയ പരിപോഷണം ഉറപ്പാക്കി ജാതിമത ഭേദം കൂടാതെയുള്ള പുനരാധിവാസം തുടങ്ങിയവയാണ്
‘നൈർമല്യയുടെ’ പ്രവർത്തന വഴികൾ.
ലഹരിയുടെ ഇരകളായി നാശത്തിന്റെ നടുക്കടലിലേക്ക് നടന്നടുക്കുന്ന പുതുതലമുറയും ആശാന്തിയുടെ ദിനരാത്രങ്ങൾ തള്ളിനീക്കുന്ന കുടുംബാന്തരീക്ഷവും മുമ്പ് എങ്ങും ഇല്ലാത്ത വിധം വളർന്നു പടരുന്ന ലഹരിഉപയോഗം മൂലം
നടക്കുന്ന ക്രൂര കൃത്യങ്ങളും നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സെന്ററിന് പ്രസക്തിയേറുന്നത്.
സിന്തറ്റിക് സെമി സിന്തറ്റിക് ലഹരിപദാർത്ഥങ്ങൾക്ക് അടിമപ്പെട്ടവരെയും ബിഹേവിയറൽ അഡിക്ഷനിൽ ഭാരപ്പെടുന്നവരെയും, മദ്യാസക്തി ഒരു രോഗമാണെന്ന കാഴ്ചപ്പാടിൽ, ചികിത്സ രീതികളിലൂടെ സാധാരണl ജീവിതത്തിലേക്ക് മടക്കി എത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇവിടുത്തെ പ്രവർത്തനങ്ങളുടെ പ്രത്യേകത. ഒപ്പം മാനസിക വെല്ലുവിളി നേരിടുന്ന നിർധനരായ 40 ഓളം കുടുംബാംഗങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകിവരുന്നു.
തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷനും ഭദ്രാസന സെക്രട്ടറി റവ. ഷിബു ഓ പ്ലാവിള, ട്രഷറർ ജോൺസൺ എബ്രഹാം, നൈർമ്മല്യ ഡയറക്ടർ റവ റ്റിറ്റു തോമസ്, സെക്രട്ടറി ടി ജെ മാത്യു, എന്നിവരടങ്ങുന്ന സമിതിയാണ് സെന്ററിന്റെ ഭരണ ചുമതല നിർവഹി ക്കുന്നത്.
ഡോക്ടർമാർ, നേഴ്സുമാർ, കൗൺസിലർമാർ തുടങ്ങി 15 ഓളം വരുന്ന സന്നദ്ധ സംഘമാണ് സെന്ററിലെ ദൈനംദിന പ്രവർത്ത നങ്ങൾക്ക് കരുത്ത് പകരുന്നത്.
കൂടുതൽ ആളുകൾക്ക് സേവനമെത്തിക്കു ന്നതിലെക്കായി തയ്യാറാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ഥാപനത്തിന്റെ ദശവത്സരാഘോഷവും മിഷൻ പ്രോജക്ടിന്റെ രജത ജൂബിലി ആഘോഷവും മാർച്ച് 31 ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ഡോ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ പുതിയ ചാപ്പലിന്റെ കൂദാശ നിർവഹിക്കും.10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ഐ ബി സതീഷ് എംഎൽഎ, വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി,റവ. വർഗീസ് ഫിലിപ്പ്, റവ. രെജീഷ് മാത്യു, പ്രമുഖ സാമൂഹ്യ പ്രവർത്തകർ, മനശാസ്ത്ര വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നൈർമല്ല്യ ഡയറക്ടർ റവ. റ്റിറ്റു തോമസ്, സെക്രട്ടറി ടി ജെ മാത്യു എന്നിവർ അറിയിച്ചു.