ജനന സർട്ടിഫിക്കറ്റിൽ പേരുമാറ്റലിനുള്ള നടപടികള്‍ ലഘൂകരിച്ചു,നടപടി നവകേരള സദസില്‍ ഒരു കൊല്ലം കാരന്‍ നല്‍കിയ പരാതിയില്‍

Advertisement

തിരുവനന്തപുരം. ജനന സർട്ടിഫിക്കറ്റിൽ പേരുമാറ്റലിനുള്ള നടപടികള്‍ ലഘൂകരിച്ച് സര്‍ക്കാര്‍.കാലങ്ങളായി ജനത്തെ വലക്കുന്ന നിബന്ധനകളിൽ കാലികമായ പരിഷ്കാരത്തിലൂടെ ഇളവ് കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ. നടപടി നവകേരള സദസില്‍ ഒരു കൊല്ലം കാരന്‍ നല്‍കിയ പരാതിയില്‍

കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്‌ത ആർക്കും ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയ പേര് ഇനി ജനന സർട്ടിഫിക്കറ്റിൽ ഒറ്റത്തവണ മാറ്റംവരുത്താനാവും. നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പേരിൽ മാറ്റംവരുത്താനും തുടർന്ന് ഈ സ്‌കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമായിരുന്നു അവസരം. അതായത് സ്‌കൂൾ രേഖ തിരുത്തിയാലേ സർട്ടിഫിക്കറ്റ് തിരുത്താനാകൂവെന്ന അവസ്ഥ.

സിബിഎസ്ഇ/ഐസിഎസ്‌ഇ സ്‌കൂളുകളിൽ പഠിച്ചവർക്കും രാജ്യത്തിനുപുറത്ത് പഠിച്ചവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേരുതിരുത്തിയാലും സ്കൂൾ രേഖകളിൽ മാറ്റം വരുത്താൻ കഴിയാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ കഴിഞ്ഞിരുന്നില്ല. സ്‌കൂൾ രേഖകൾ തിരുത്തണമെങ്കിൽ തിരുത്തിയ ജനനസർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റ് തിരുത്താൻ തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റും വേണമെന്നതായിരുന്നു സ്ഥിതി. ഇത്തരം വ്യവസ്ഥയാണ് തദ്ദേശവകുപ്പ് ലഘൂകരിച്ചത്. കൊല്ലം ഇളമ്പള്ളൂരിലെ വഞ്ചിമുക്ക് സ്വദേശി കണ്ണൻ ബി. ദിവാകരൻ നവകേരള സദസ്സിൽ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ തീരുമാനം.



Advertisement