ആലപ്പുഴയിൽ ഗുണ്ടയുടെ പെൺ സുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ ഹലോ സന്ദേശം അയച്ചതിന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. അരൂക്കുറ്റി സ്വദേശിയായ പ്രഭജിത്തും കൂട്ടാളികളുമാണ് പിടിയിലായത്. കേസിൽ പ്രഭജിത്തിന്റെ പെൺ സുഹൃത്ത് മേരി സെലിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് എഫ്ഐആര്‍.
ഒരാഴ്ച മുൻപായിരുന്നു അരൂക്കുറ്റി സ്വദേശി ജിബിനിനെ പ്രഭജിത്തും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. പ്രഭജിത്തിന്റെ പെൺ സുഹൃത്ത് മേരി സെലിന് ഇൻസ്റ്റഗ്രാമിൽ ഹലോ സന്ദേശം അയച്ചതായിരുന്നു മർദ്ദനത്തിന് കാരണം. അരൂക്കുറ്റി പാലത്തിൽ വച്ചാണ് ജിബിനിനെ പ്രഭജിത്തും സുഹൃത്ത് സിന്തലും വാഹനത്തിലെത്തി തട്ടിക്കൊണ്ടു പോയത്. തുടർന്ന് വാഹനത്തിൽ ഇട്ടും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ടും നേരം വെളുക്കുവോളം ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രഭജിത്തും കൂട്ടാളികളും ഇന്ന് ഉച്ചയോടെയാണ് പോലീസിന്റെ പിടിയിലായത്. കേസിൽ പ്രഭജിത്തിന്റെ പെൺ സുഹൃത്ത് മേരി സെലിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ പ്രഭജിത്തും സംഘവും മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ ജിബിന്റെ വാരിയെൽ ഒടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതം ഏറ്റിരുന്നു. മാത്രമല്ല നട്ടെല്ലിനും മുതുകിനും പരിക്കുണ്ട്. അരൂർ സ്വദേശികളായ യദുകൃഷ്ണ അജയ് ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ. കേസിലെ രണ്ടു മൂന്നു പ്രതികൾക്കായി പോലീസ് അന്വേഷണ ഊർജിതമാക്കി.