പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽവിഘ്നേഷ് പുത്തൂർ പവലിയൻ നിർമ്മിക്കും

Advertisement

വിഘ്‌നേഷ് പുത്തൂരിന് ആദരവുമായി പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ വിഘ്‌നേഷ് പുത്തൂര്‍ പവലിയന്‍ നിര്‍മ്മിക്കും. 25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയന്‍ നിര്‍മ്മിക്കുക. ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തില്‍ 24 കാരനായ വിഘ്‌നേഷ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി വിഘ്‌നേഷ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ചെന്നൈയില്‍ സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി വിഘ്നേഷ് എത്തിയത്.
അതേസമയം കേരളത്തിനായി സീനിയര്‍ ലെവല്‍ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ യുവതാരം അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ കളിച്ചപ്പോഴാണ് മുംബൈ ഇന്ത്യന്‍സ് വിഘ്നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞത്. 2025-ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ വാങ്ങിയത്.

Advertisement