ആശമാരുടെ നിരാഹാര സമരം 11 ദിവസം പിന്നിടുന്നു; നാളെ തലമുടി മുറിച്ച് പ്രതിഷേധം

Advertisement

തിരുവനന്തപുരം: ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാത്ത പക്ഷം അതിജീവനത്തിനായി പൊരുതുന്ന ആശാവർക്കർമാർ അടുത്തഘട്ടമായി നാളെ മുതൽ മുടിമുറിക്കൽ സമരം നടത്തും. അതേസമയം സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽസമരം ഇന്ന് 49-ാം ദിവസവും തുടരുന്നു. നിരാഹാര സമരം 11 ദിവസവും പിന്നിടുകയാണ്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയിൽ അന്തർദേശീയ ശ്രദ്ധ ആകർഷിച്ച ആശസമരത്തിന്റെ ഭാഗമായി നടത്താൻ പോകുന്ന മുടി മുറിക്കൽ സമരം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.

154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകൾ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷൻ പബ്ലിക് സർവീസ് ഇൻറർനാഷണൽ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.എസ് അനിതകുമാരി, ബീന പിറ്റർ, എസ്.ബി രാജി എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് എസ്. ഷൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് രാജി സമരം ഏറ്റെടുത്തത്.

അതേസമയം ആശസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും മിനി വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി മോശമായിട്ടാണ് പെരുമാറിയതെന്നും മിനി ആരോപിച്ചു. ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ലേലം വിളിയാണോ എന്നാണ് മന്ത്രി ചോദിച്ചത്.
ഇതെല്ലാം കണക്കാക്കി ആണ് ആശാവർക്ക‍‍ർമാർ തങ്ങളുടെ സമരത്തിന്റെ രൂപം മാറ്റാൻ തീരുമാനിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here