എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍, ‘വിവാദ രംഗങ്ങള്‍ നീക്കും’

Advertisement

എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മോഹ‌ൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.

മോഹ‌ൻലാലിന്റെ കുറിപ്പ്

ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

പുതിയ വേര്‍ഷൻ വ്യാഴാഴ്ച

എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെയാണ് തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here