തിരുവനന്തപുരം:കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. ഹിജ്റ വർഷത്തിലെ 10-ാം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാനിലെ വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ മാസത്തിലെ പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമങ്ങൾക്കും മറ്റ് പുണ്യകർമങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.
അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതോടെയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശവ്വാൽ ഒന്ന് ഞായറാഴ്ച ആണെന്ന പ്രഖ്യാപനം ഉണ്ടായത്. ഒമാനിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.