തിരുവനന്തപുരം:
ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും.
പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. പാളയം മുസ്‌ലിം ജമാ അത്ത് സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടക്കും. ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി നേതൃത്വം നല്‍കും.
ലഹരിയില്‍ നിന്ന് വിശ്വാസി സമൂഹം മാറി നില്‍ക്കണമെന്നും ആഘോഷം അതിരുവിടരുതെന്നും പുരോഹിതർ ആഹ്വാനം ചെയ്തു. പെരുന്നാള്‍ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തർ സക്കാത്ത് വിതരണം നടന്നിരുന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തിലാണ് ഫിത്തർ സക്കാത്ത് വിതരണം. പൊന്നാനി, കാപ്പാട്, താനൂർ കടപ്പുറം എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതോടെയാണ് റമദാൻ വ്രതത്തിന് പര്യവസാനമായത്.
ചെറിയപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ചെറിയപെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാസന്ദേശത്തിൽ പറഞ്ഞു.
”സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച റംസാൻകാലമാണ് കടന്നുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പരവിശ്വാസത്തിലും സാഹോദര്യത്തിലും ഊന്നിയ സാമൂഹികബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവർക്കും ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ”, മുഖ്യമന്ത്രി പറഞ്ഞു.