കാസർകോട്.തെയ്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ളതുമാണ് അഗ്നികണ്ഠാ കർണൻ തെയ്യം.
കാസർകോട് കന്നുവീട് സ്വാമി മഠം ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് തെയ്യം കെട്ടിയാടിയത്.
പുലർച്ചെ അരങ്ങിലെത്തിയ തെയ്യത്തെ കാണാൻ ആയിരങ്ങളാണ് എത്തിയത്.
ഭയപ്പെടുത്തുന്ന രൂപഭാവങ്ങളോടെയാണ് അഗ്നികണ്ഠാകർണൻ തെയ്യം അരങ്ങിലെത്തുന്നത്. തെയ്യം തിരുമുടിയേറ്റുന്നതോടെ ക്ഷേത്രം പരിസരത്തെ വൈദ്യുതിവിളക്കുകളെല്ലാം അണക്കും. അരയിലെ 16 വലിയ തീപ്പന്തങ്ങളുടെ പ്രഭയിൽ സ്വയം ഒരു തീഗോളം പോലെ ജ്വലിക്കും.
വലിയ വീർത്ത പൊയ് കണ്ണുകളും, മുഖത്തെ വസൂരി കലയും, നെഞ്ചിലേക്ക് നീളുന്ന കരിന്താടിയും തീപ്പന്തങ്ങളുടെ ചുവന്ന വെളിച്ചത്തിൽ കൂടുതൽ ഭയാനകമാകും. കവുങ്ങിൻ തടിയിലും കുരുത്തോലയിലും തീർത്ത 12 അടി തിരുമുടിയേന്തി തെയ്യം മൂന്നുതവണ ക്ഷേത്രം വലം വയ്ക്കും.
ഭദ്രകാളിയുടെ വസൂരി രോഗം മാറ്റാൻ പരമശിവന്റെ കണ്ഠത്തിൽ ജനിച്ച് കർണത്തിലൂടെ പുറത്തുവന്ന മന്ത്രമൂർത്തിയാണ് അഗ്നികണ്ഠാ കർണൻ എന്നാണ് വിശ്വാസം. ഭദ്രകാളിയുടെ വസൂരി നീക്കിയ മൂർത്തി, മനുഷ്യകുലത്തെ ബാധിച്ച വസൂരി രോഗം മാറ്റാൻ ഭൂമിയിലേക്ക് എഴുന്നള്ളി എന്നും വിശ്വസിക്കപ്പെടുന്നു.
REP.IMAGE