കേരളത്തില്‍ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പിടിയില്‍. മധുരയില്‍ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചന്‍ എന്നയാളെ പിടികൂടിയത്. പിടിയിലായത് കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആളാണ് കട്ടൂപൂച്ചന്‍.
മണ്ണഞ്ചേരിയിലും പുന്നപ്രയിലും അടുക്കള വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറി സ്വര്‍ണ്ണം അപഹരിച്ച കേസിലെ പ്രതി. കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതും ഉഗ്ര ക്രിമിനല്‍ സ്വഭാവമുള്ള പ്രതി തന്നെ. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ മോഷണം നടത്തുന്നതാണ് കട്ടുപൂച്ചന്റെ രീതി.
കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. മണ്ണഞ്ചേരി എസ്എച്ച്ഒ ടോള്‍സന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ പിടികൂടിയത്. തമിഴ്‌നാട് മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2012 ല്‍ മാരാരിക്കുളം സ്റ്റേഷന്‍ പരിധിയില്‍ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇയാളെ 18 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ജയില്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി ശിക്ഷയില്‍ ഇളവ് നല്‍കി ഇയാളെ വിട്ടയച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കട്ടുപൂച്ചന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.