തിരുവനന്തപുരം: ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥൻ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റൻറായ സുകാന്ത് സുരേഷ് ലീവിലുമാണ്. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് പാളത്തിലൂടെ നടക്കുമ്പോൾ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.
ഫോൺ രേഖകൾ പരിശോധിക്കുമ്പോൾ എട്ടു സെക്കൻറ് വീതം മാത്രമാണ് ഈ വിളികൾ നീണ്ടിട്ടുള്ളത്. ഈ ഫോൺ വിളികൾ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരിൽ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളർന്നതിന് പിന്നാലെയുള്ള എട്ടുമാസക്കാലയളവിൽ പലതവണ സുകാന്തിൻറെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. അപൂർവമായി മാത്രമാണ് തിരികെ സുകാന്തിൻറെ അക്കൗണ്ടിൽ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാൽ യാത്ര ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേൽ കൂടുതൽ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഐബി ഉദ്യോഗസ്ഥ മേഘയുടെ അതിരുങ്കൽ കാരയ്ക്കാക്കുഴിയിലെ വീട്ടിൽ എത്തിയപ്പോൾ.
അന്വേഷണത്തിൻറെ ഭാഗമായി തിരഞ്ഞപ്പോഴാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് ഫോൺ ഓഫാക്കി ഒളിവിൽ പോയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം, സുകാന്ത് ഒളിവിൽ പോയത് പൊലീസിൻറെ വീഴ്ചയാണെന്നാണ് കുടുംബത്തിൻറെ ആരോപണം.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസിന് മുന്നിലാണ് ചാടിയത്.
ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയിരുന്നു. ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈൽഫോൺ തകർന്നു തരിപ്പണമാകുകയും ചെയ്തു. ഐഡി കാർഡ് കണ്ടാണ് മരിച്ചത് മേഘയാണെന്ന് തിരിച്ചറിഞ്ഞത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്.