ബൈക്കിന് പിന്നില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Advertisement

പാലക്കാട്: ദേശീയപാത മരുതറോഡ് ജങ്ഷനില്‍ വച്ച് ബൈക്കിന് പിന്നില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. തേങ്കുറുശി സ്വദേശി രമേശിനെതിരെയാണ് (35) പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയില്‍ താമസക്കാരിയുമായ അമൃത (36) മരിച്ച കേസിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മരുതറോഡ് ജങ്ഷനിലെ ഹോട്ടലിനു മുന്നില്‍ വച്ച് അപകടം നടന്നത്. മറ്റൊരു കാര്‍ മുറിച്ച് കടക്കാന്‍ വേണ്ടി ബൈക്ക് നിര്‍ത്തിയിട്ടപ്പോഴായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണു നിന്നത്. അപകടത്തില്‍ ബൈക്ക് ഓടിച്ച അമൃതയുടെ പിതൃസഹോദരന്‍ പി.മഹിപാല്‍ (59), അമ്യതയുടെ മകള്‍ ആദ്വിക (രണ്ടര) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഇവര്‍ പുതുശ്ശേരിയില്‍ നിന്നു മരുതറോഡിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കു പോവുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നു പാലക്കാട്ടേക്കാണ് ഈ കാര്‍ പോയിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ മൂവരെയും യുവാക്കള്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അമൃതയെ രക്ഷിക്കാനായില്ല. മഹിപാലിനു നടുവിനും കാലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാലിനു നേരിയ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ മോഹന്‍ദാസിന്റെയും ഷൈലജയുടെയും മകളാണ് അമൃത. ഭര്‍ത്താവ് അരുണ്‍കുമാര്‍.അരുണ്‍കുമാറിന് ഖത്തറിലാണ് ജോലി.
മരണവിവരമറിഞ്ഞ നാട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും പെരുന്നാല്‍ തിരക്ക് കാരണം വിമാന ടിക്കറ്റ് ലഭിച്ചില്ല. ഇന്ന് രാത്രിയോടെ മാത്രമേ അരുണ്‍കുമാര്‍ നാട്ടിലെത്തൂ. അമൃതയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പാലക്കാട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം നാളെ വൈകിട്ട് കഞ്ചിക്കോട്ട് നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here