തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ല് അടിയന്തിരമായി പാർലമെൻ്റിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) ആവശ്യപ്പെട്ടു.കേരളത്തിൽ നിന്നുള്ള എല്ലാ എം പിമാരും വഖഫ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുമാണ് കെ സി സി യുടെ നിലപാടെന്നും ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പറഞ്ഞു. വഖഫ് നിയമത്തെ സംബന്ധിച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വട്ടിയൂർകാവ് അസംബ്ലി സംഘടിപ്പിച്ച ക്രൈസ്തവ ജാഗ്രത എന്ന പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം
പൊളിമെറ്റ്ല ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവരുടെ അവകാശങ്ങളും അസ്ഥിത്വവും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ക്രിസ്തീയ സമൂഹം കൂടുതൽ ജാഗ്രത കാട്ടേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു .
കവടിയാർ സാൽവേഷൻ ആർമി പ്രീയാ ഹാളിൽ നടന്ന യോഗത്തിൽ അസംബ്ലി പ്രസിഡൻ്റ് ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ അധ്യക്ഷനായി.കെ സി സി ജില്ലാ പ്രസിഡൻറ് റവ.എ ആർ നോബിൾ, അസംബ്ലി സെക്രട്ടറി അശ്വിൻ ഇ ഹാംലറ്റ്, ട്രഷറർ റ്റി.ജെ മാത്യു മാരാമൺ, ജില്ലാ വൈസ് പ്രസിഡൻ്റ് റവ.ടി.ദേവ പ്രസാദ് എന്നിവർ പ്രസംഗിച്ചു. ജെ ബി കോശി കമ്മീഷൻ നാൾവഴികൾ, ന്യൂനപക്ഷ, സ്ക്കോളർഷിപ്പ്, വഖഫ് നിയമം, മുനമ്പം ആരുടേത്, ദളിത് ക്രൈസ്തവ അവകാശ ലംഘനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്രൈസ്തവ ജാഗ്രത എന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്.