കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഭാഗ്യക്കുറി വകുപ്പ്, വിപണിയില്‍ പുറത്തിറക്കുന്ന പ്രതിവാര കേരള ലോട്ടറിയുടെ സമ്മാന ഘടനയിലും ടിക്കറ്റ് നിരക്കിലും നിര്‍ദേശിക്കപ്പെട്ട പരിഷ്‌കാരങ്ങള്‍ ഏപ്രില്‍ മാസം തന്നെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിവാര ലോട്ടറികളുടെ ടിക്കറ്റ് നിരക്ക് 40 രൂപയില്‍ നിന്നും 50 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം എല്ലാ പ്രതിവാര ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുകയും ഒരു കോടി രൂപയായി ക്രമപ്പെടുത്തി.
ചില പ്രതിവാര ലോട്ടറികളുടെ പേരുകളിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ലോട്ടറി സമ്മാന ഘടന പരിഷ്‌കരിക്കുന്നതോടെ സമ്മാനാര്‍ഹമാകുന്ന മൊത്തം ടിക്കറ്റുകളുടെ എണ്ണവും ഇരട്ടിയാകും. അതുപോലെ രണ്ടാം സമ്മാനത്തുക വര്‍ധിപ്പിച്ചതും കേരള ലോട്ടറിയെ കൂടുതല്‍ ആകര്‍ഷമാക്കുന്ന ഘടകമായി മാറുന്നു.
സമ്മാന ഘടനയിലെ മാറ്റം
സമ്മാനത്തുകയിലും ജേതാക്കളുടെ എണ്ണത്തിലും ഉള്‍പ്പെടെ കേരള ലോട്ടറിയുടെ സമ്മാന ഘടനയില്‍ കാര്യമായ മാറ്റങ്ങളാണ് വന്നുചേരുന്നത്. പരിഷ്‌കരിച്ച സമ്മാനഘടന അനുസരിച്ച്, പ്രതിവാര ഭാഗ്യക്കുറികളില്‍ മൊത്തം ജേതാക്കളുടെ എണ്ണം നിലവിലെ മൂന്ന് ലക്ഷത്തില്‍ നിന്നും 6.54 ലക്ഷമായി ഉയരും. പ്രതിവാര ലോട്ടറികളുടെ ഏറ്റവും ചുരുങ്ങിയ സമ്മാനത്തുക 100 രൂപയില്‍ നിന്നും 50 രൂപയിലേക്ക് താഴ്ത്തിയതാണ് ജേതാക്കളുടെ എണ്ണം ഇരട്ടിയാക്കുന്നതിലേക്ക് നയിച്ചത്. അതുപോലെ പ്രതിവാര ലോട്ടറികളുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയായി ഉയര്‍ത്തി.