ന്യൂഡൽഹി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതിയില്‍ കേസെടുക്കണമെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ ഹര്‍ജിയില്‍ പരാതിക്കാരിയോടും സര്‍ക്കാരിനോടും ചോദ്യങ്ങളുമായി സുപ്രീം കോടതി. ആസൂത്രിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറാണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി ചോദിച്ചു. ഹർജിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസയച്ചു. ആരോപണ വിധേയരായ മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സി ഐ വിനോദ് എന്നിവര്‍ക്കാണ് നോട്ടീസ്. പരാതിയില്‍ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ എസ്‌പി സുജിത് ദാസിനെ ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്.
മലപ്പുറം എസ്‌പി ക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പി വി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചത്. പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തുവിട്ടു. പിന്നാലെയായിരുന്നു സസ്പെൻഷൻ. ഐ ജി ശ്യാം സുന്ദർ വകുപ്പതല അന്വേഷണം നടത്തി. കേസിലെ സാക്ഷി പിവി അൻവർ ഇതേവരെ മൊഴി നൽകാൻ എത്തിയില്ല. ഈ സാഹചര്യത്തിൽ സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതിനാൽ ഇനി നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം.