ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

Advertisement

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്.

പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ്റെ വാദം കണക്കിലെടുക്കാതെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതി‍ർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിട്ടുണ്ട്.

പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്.

ഒൻപത് മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും ഇവാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here