2025 ഏപ്രിൽ 03 വ്യാഴം
BREAKING NEWS
ചെങ്ങന്നൂർ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാൻ മന്ത്രിസഭായോഗം തീരുമാനം തല്ക്കാലം മരവിപ്പിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ സിനിമാ താരങ്ങൾക്ക് എക്സൈസ് നോട്ടീസ് നൽകും.
സി പി എം പി ബി അംഗങ്ങളുടെ പ്രായപരിധി ഇളവിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ലെന്ന് അശോക് ധാവളെ.

താമരശ്ശേരി ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതിയിൽ. ജാമ്യം നൽകരുതെന്ന് ഷഹബാസിൻ്റെ പിതാവ്
ലോക്സഭ ഇന്ന് പുലർച്ചെ പാസ്സാക്കിയ വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
കേരളീയം
വേനല്‍ മഴ ശക്തമാകുന്നുവെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം അടുത്ത 5 ദിവസവും കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.
അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
ആദിവാസി യുവാവായ ഗോകുലിനെ കല്പറ്റ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബാങ്കോക്കില്‍ നിന്നും മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് കിലോ കഞ്ചാവ് പിടികൂടി.
കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്ജാമ്യം.കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ്‌നോബി ലൂക്കോസിന്ഉപാധികളോടെജാമ്യം അനുവദിച്ചത്.28 ദിവസത്തിന് ശേഷമാണ് നോബി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

ദേശീയം
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്.
288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്സഭ കടന്നത്.

മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് ലോക്സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പ്രമേയമവതരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രമേയം അവതരിപ്പിച്ചത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മേയ് മാസകത്തില്‍ ഇടവമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചന.

ഗുജറാത്തിലെ ജാംനഗറിലെ സുവര്‍ണ ഗ്രാമത്തില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കോപൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
വഖഫ് ബില്ല് വന്നാല്‍ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജ്ജു. അറുനൂറിലധികം പേരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും കിരണ്‍ റിജ്ജു പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് കെ രാധാകൃഷ്ണന്‍ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ബില്‍ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിര്‍ക്കുന്നുവെന്നും എംപി പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അന്തർദേശീയം
അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ജപ്പാനിലെ കൂഷൂവില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യന്‍ സമയം 7:34 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കായികം
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ സ്വന്തം തട്ടകത്തില്‍ എട്ടു വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 39 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ കരുത്തില്‍ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.