തിരുവനന്തപുരം: സമൂഹത്തിലെ വിവിധ ശ്രേണികളിൽ പെട്ടവരുടെ ഉന്നമനത്തിനായി മാർത്തോമാ സഭ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങൾ നിസ്ത്തുല്യമായ സേവനമാണ് നിർവഹിക്കുന്നതെന്ന് ഐബി സതീഷ് എംഎൽഎ.പറഞ്ഞു
പ്രവർത്തനത്തിൽ ഒരു ദശാബ്ദം പിന്നിടുന്ന പേയാട് മാർത്തോമ ഡി അഡിക്ഷൻ കൗൺസിലിംഗ് ആൻഡ് നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ ഇന്നിന്റെ പ്രധാന വിപത്തായ ലഹരിയ്ക്കടിമപ്പെട്ടവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിൽ ശ്ലാഘനീയമായ പങ്കുവഹിക്കുന്നുവെന്നും ഐ ബി സതീഷ് പറഞ്ഞു. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ഥാപനത്തിന്റെ ദശവത്സരാഘോഷവും മാർത്തോമ്മ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന മിഷൻ പ്രോജക്ടിന്റെ രജത ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. തിരുവനന്തപുരം- കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷനായി.
ഭദ്രാസന സെക്രട്ടറി റവ. ഷിബു ഓ പ്ലാവിള, ട്രഷറർ ജോൺസൺ എബ്രഹാം, നൈർമ്മല്യ ഡയറക്ടർ റവ. റ്റിറ്റു തോമസ്, സെക്രട്ടറി ടി ജെ മാത്യു, റവ. വർഗീസ് ഫിലിപ്പ്, റവ. ബിജു എസ് ചെറിയാൻ, റവ. രെജീഷ് മാത്യു, റവ. ബിവിൻ വി മാത്യു, എന്നിവർ പ്രസംഗിച്ചു. പുതിയ ചാപ്പലിന്റെ കൂദാശ ഡോ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു . കഴിഞ്ഞ 10 വർഷങ്ങളിലായി 3000ൽ പരം വ്യക്തികൾ ഈ സെന്ററിന്റെ സമ്പൂർണ്ണ സഹായത്തോടെ ലഹരി ആസക്തിയിൽ നിന്ന് മുക്തി നേടി. ലഹരിയിൽ നിന്ന് മുക്തി നേടിയ ചില വ്യക്തികളുടെ അനുഭവ കഥകൾ പങ്കുവയ്ക്കുന്ന സാക്ഷ്യ സമ്മേളനവും നടന്നു.
നൈർമല്യ അങ്കണത്തിൽ വിവിധ ശില്പങ്ങൾ നിർമിച്ച ശില്പിയും സുവിശേഷകനുമായ സെൽവരാജിനെയും ലഹരിയോട് വിട പറഞ്ഞതിന്റെ വാർഷികം ആഘോഷിച്ചവരെയും ചടങ്ങിൽ ആദരിച്ചു. കരിയംകോട് മാർത്തോമ്മാ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.