വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

Advertisement

തിരുവനന്തപുരം:
ഭാരതത്തിലെ പൊതുസമൂഹത്തിന് ദോഷകരമായിരുന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്ന വഖഫ് ഭേദഗതി ബിൽ പാസാക്കിയ നടപടിയെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു. ഇതിലൂടെ മുനമ്പത്തെ സാധാരണക്കാരായ ജനതയുടെ വിഷമത്തിന് അറുതി വരുത്തിയ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നു. പാർലമെൻറിൽ ഇപ്പോൾ പാസാക്കപ്പെട്ട ബില്ലിലെ സെക്ഷൻ 2 എ യിൽ ഏതെങ്കിലും കോടതി വിധിയോ ഉത്തരവോ നിലവിൽ ഉണ്ടായാൽ പോലും ഈ നിയമം നിലവിൽ വരുന്നതിന് മുൻപോ ശേഷമോ നിയമാനുസരണം രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റുകൾക്കോ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി ബോഡിക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ധർമ്മ സ്ഥാപനങ്ങൾക്കോ ഒരു മുസ്ലിം നൽകിയതോ നൽകുന്നതോ ആയ സമർപ്പണത്തിന്റെ ഉദ്ദേശം വക്കഫിലേതു പോലെ മതപരം, ജീവകാരുണ്യപരം, ഭക്തിപരം എന്നിവ ആയിരുന്നാൽ പോലും വക്കഫ് നിയമം ബാധകമായിരിക്കുന്നതല്ല എന്ന പ്രൊവിസോ ചേർത്തതിലൂടെ മുനമ്പം പ്രശ്നത്തിന് നിയമപരമായ പരിഹാരം ഉണ്ടാകുന്നു. സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഫറൂഖ് കോളേജിന് നൽകിയതിലൂടെ വസ്തു വഖഫ് അല്ലാതായി. മുനമ്പത്ത് ഉൾപ്പെടെയുള്ള നിരവധി പേരുടെ കണ്ണീരൊപ്പുവാൻ ഈ പ്രൊവിസോ സഹായിക്കുമെന്നും കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പ്രസ്താവനയിൽ അറിയിച്ചു.

Advertisement