സിനിമ രംഗത്ത് പേര് ക്രിസ്റ്റീന, കര്‍ണാടകയില്‍ മഹിമ മധു; വിവിധ സംസ്ഥാനങ്ങളില്‍ ലഹരി ലോകം തീര്‍ത്ത് തസ്ലീമ

Advertisement

ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുല്‍ത്താന പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് അന്വേഷണ സംഘം.

മൊത്തത്തില്‍ മൂന്ന് പേരുകളിലാണ് തസ്ലീമ അറിയപ്പെടുന്നത്. കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും കർണാടകയിലും തസ്ലിമ സുല്‍ത്താനയ്‌ക്ക് ലഹരിമരുന്ന് വില്പനയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുല്‍ത്താനയെന്നാണെങ്കില്‍ സിനിമാലോകത്ത് ക്രിസ്റ്റീനയെന്നാണ് പ്രതിയുടെ പേര്. അതേ സമയം, കർണാടകയില്‍ എത്തുമ്പോള്‍ മഹിമ മധുവെന്നാണ് ഇവർ അറിയപ്പെടുന്നത്. എറണാകുളത്തുനിന്ന് വാഹനം വാടകയ്ക്ക് എടുത്തതും മഹിമ മധു എന്ന പേരിലായിരുന്നു. ഇവിടെയെല്ലാം തസ്ലീമയ്ക്ക് വ്യാജ തിരിച്ചറിയല്‍ കാർഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വ്യത്യസ്ത തിരിച്ചറിയല്‍ കാർഡുകളാണ് പ്രതി ഉപയോഗിച്ചു വരുന്നത്. തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞത്.

യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി കൈമാറിയെന്ന് പ്രതി തസ്ലീമ സുല്‍ത്താന മൊഴി നല്‍കി. സംഭവത്തില്‍ താരങ്ങള്‍ക്ക് എക്‌സൈസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയിരുന്നു. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചു. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.

Advertisement