ഗർഭഛിദ്രത്തിന് സുകാന്ത് കൂടെപ്പോയില്ല; നടപടികൾ എളുപ്പമാക്കിയ ‘അജ്ഞാത യുവതി’യെ തേടി അന്വേഷണസംഘം

Advertisement

തിരുവനന്തപുരം: തിരുവന്തപുരത്ത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിയെ തിരഞ്ഞ് പൊലീസ്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിൻറെ വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ കൂടി രംഗത്തുവരുന്നത്. ഇവർ ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം.

2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും തമ്മിൽ പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും യുവതിയുടെ ബാഗിൽനിന്നു കണ്ടെത്തിയിരുന്നു. 2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികൾ എന്നാണ് പരിചയപ്പെടുത്തിയത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാൻ വിവാഹരേഖകളും വിവാഹക്ഷണക്കത്തും സുകാന്ത് വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു.

എന്നാൽ പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല. ഗർഭഛിദ്രം നടത്താൻ സുകാന്തിൻറെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഐബി ഉദ്യോഗസ്ഥക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്നും പൊലീസ് കരുതുന്നു. ഈ യുവതി ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ ഇതാരാണെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

Advertisement