തിരുവനന്തപുരം.പഠനാവശ്യത്തിനുള്ള സർക്കാർ ജീവനക്കാരുടെ അവധിയപേക്ഷകളിൽ 7 ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് സർക്കുലർ. തീരുമാനം വൈകിയാൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥൻ വിശദീകരണം നൽകണം.
നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് വകുപ്പ് തലവന്മാർ ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
രാജ്യത്തിനകത്തും പുറത്തും പഠനാവശ്യത്തിനായി ശൂന്യവേതനാവധിക്ക് നൽകുന്ന അപേക്ഷകൾ സംബന്ധിച്ചാണ് ചീഫ് സെക്രട്ടറി പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കാലതാമസം ഉണ്ടാകരുതെന്നാണ് നിർദേശം. അവധിയാവശ്യമുള്ളവർ സെലക്ഷൻ ലഭിക്കുന്ന മുറയ്ക്ക് തന്നെ അനുബന്ധ രേഖകളോടെ അപേക്ഷ നൽകണം. പഠന കാലയളവിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കാനും അടിയന്തരമായി അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചാൽ ഓഫീസ് തലവൻ 7 ദിവസത്തിനുള്ളിൽ വകുപ്പ് തലവന് കൈമാറേണ്ടതുണ്ട്. വകുപ്പ് തലവനും 7 ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനമെടുക്കുകയോ സർക്കാരിന് സമർപ്പിക്കുകയോ വേണം. സർക്കാർ തലത്തിൽ ഒരു വർഷത്തിൽ താഴെയുള്ള അവധിയപേക്ഷകളിൽ അതത് ഭരണവകുപ്പുകളും കൂടുതൽ കാലത്തേക്കുള്ള അപേക്ഷകളിൽ ധനവകുപ്പും തീരുമാനമെടുക്കണമെന്നുമാണ് നിർദേശം. വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി കാലതാമസമില്ലാതെ തന്നെ അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കണം. അപേക്ഷകളിലെ പോരായ്മകൾ ബന്ധപ്പെട്ടവരെ പെട്ടെന്ന് തന്നെ അറിയിക്കണമെന്നാണ് നിർദേശം. അപേക്ഷകളിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും വിശദീകരണം നൽകണമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നുണ്ട്. പഠനാവശ്യത്തിനുള്ള അവധി അപേക്ഷകളിൽ കൃത്യസമയത്ത് തീരുമാനമെടുക്കാത്തതിൽ വ്യാപക പരാതികളുയർന്നതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.