തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീൻ കേരള കമ്പനി കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും സെൻട്രൽ വർക്ക് ഷോപ്പുകളിൽ നിന്നും 66,410 കിലോഗ്രാം അജൈവ മാലിന്യം ശേഖരിച്ച് സംസ്‌ക്കരണത്തിനയച്ചു. റിജക്ട്സ്/ ലെഗസി ഇനത്തിൽപ്പെട്ട പുനരുപയോഗയോഗ്യമല്ലാത്ത 61,220 കി.ഗ്രാം, ഇ-വേസ്റ്റ് 4,560 കി.ഗ്രാം, ഇരുമ്പ് സ്ക്രാപ്പ് 630 കി.ഗ്രാം എന്നിവയാണ് ശേഖരിച്ചത്.
തിരുവനന്തപുരം (16,520 കി.ഗ്രാം), കോഴിക്കോട് (15,840 കി.ഗ്രാം), മലപ്പുറം (10,570 കി.ഗ്രാം), ആലപ്പുഴ (8,260 കി.ഗ്രാം) ജില്ലകളിൽ നിന്ന് കൂടുതൽ മാലിന്യം ശേഖരിക്കാനായി. വിവിധ ജില്ലകളിൽ ശേഖരണം നടന്നു വരുന്നു. പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയാത്തവ ക്ലീൻ കേരള കമ്പനിയുമായി കരാർ വച്ചിട്ടുള്ള സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധന ഉപയോഗത്തിനായി അയക്കുകയും പുനരുപയോഗ സാധ്യമായവ റീസൈക്ലേസിന് കൈമാറുകയുമാണ് ചെയ്യുന്നത്.
വിവിധ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെൻറ് അടിസ്ഥാനത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇന്ധന ഉപയോഗത്തിനായി രാജ്യത്തിൻറെ വിവിധ സിമന്റ് ഫാക്ടറികളിൽ എത്തിക്കുന്നു. ഇതിനുവേണ്ടി വിവിധ സിമന്റ് ഫാക്ടറികളുമായി ധാരണയുണ്ടാക്കിയാണ് ക്ലീൻ കേരള കമ്പനി പ്രവർത്തിക്കുന്നത്. കെഎസ്ആർടിസിയിലെ അജൈവ മാലിന്യം നീക്കം ചെയ്യുന്നതു വഴി കെഎസ്ആർടിസിയുടെ അധീനതയിലുള്ള സ്ഥലങ്ങൾ മറ്റ് നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.