കൊല്ലത്തിന്‍റെ സൈദ്ധാന്തിക വിപ്ളവ നക്ഷത്രം ഇനി സിപിഎമ്മിനെ നയിക്കും

Advertisement

കൊല്ലം. ചുവപ്പിന് വിശേഷിച്ച് സിപിഎമ്മിന് ചങ്കില്‍ എന്നും മുഖ്യ ഇടം നല്‍കിയ കൊല്ലത്തുനിന്നും ജനറൽ സെക്രട്ടറി പദത്തിലേക്ക് എം എ ബേബി എത്തിയതിൻ്റെ സന്തോഷത്തിലാണ് ജന്മനാട്. ഓരോ പരിപാടിയിലും പങ്കെടുക്കാൻ നാട്ടിലേക്ക് ഓടിയെത്തുന്ന എം എ ബേബി ഓരോ പാർട്ടി പ്രവർത്തകർക്കും ആവേശമാണ്.

പ്രാക്കുളം എൻഎസ്‌എസ്‌ സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ്‌
എം എ ബേബി കെഎസ്എഫിൻ്റെ ഭാഗമാകുന്നത്. മൂത്ത സഹോദരൻ എം എ ജോൺസന് ഒപ്പമായിരുന്നു രാഷ്ട്രീയ തുടക്കം. കാഞ്ഞാവെളിയായിരുന്നു സംഘടന പ്രവർത്തനങ്ങളുടെ പ്രാരംഭം.
പാർട്ടി അനുഭാവിയായി തുടങ്ങിയ ബേബി പിന്നീട് തുടർവഴികളിലെല്ലാം തൻ്റേതായ സാന്നിധ്യം ഉറപ്പിച്ചു. 1971ൽ കൊല്ലത്തു നടന്ന പാർടി സംസ്ഥാന സമ്മേളനത്തിൽ റെഡ് വളന്റിയറായതോടെയാണ് എം എ ബേബിയെന്ന മുഴുവൻ സമയ രാഷ്ട്രീയക്കാരൻ്റെ ഉദയം.
എസ്എൻ കോളേജ് വിദ്യാർഥിയായിരിക്കെ പാർടി ഓഫീസ്‌ കേന്ദ്രീകരിച്ച് നിൽക്കാൻ അവസരം ലഭിച്ചതോടെ കമ്യൂണിസ്റ്റ് നേതാവായ എൻ ശ്രീധരനെന്ന എൻ എസുമായി ഉണ്ടായ അടുപ്പo എം എ ബേബിക്ക്‌ വഴിത്തിരിവായി. 14 വർഷം ലോക്കൽ സെക്രട്ടറിയായി പാർടിയെ നയിച്ച കാഞ്ഞാവെളിക്കാരനായ 83 കാരൻ വി കെ വിക്രമന് എം എ ബേബിയെ കുറിച്ച് ഓർക്കാൻ ഏറെയുണ്ട്.

കൊല്ലം എസ് എൻ കോളേജ് ബ്രാഞ്ച് സെക്രട്ടറിയായതോടെ ജില്ലാ ഓഫീസിനു കീഴിലേക്ക് എം എ ബേബിയുടെ പാർടി ഘടകം മാറി. പുസ്‌തകങ്ങൾ തേടിപ്പിടിച്ച് വായിക്കുകയും , വിഷയം നന്നായി അവതരിപ്പിക്കുകയും ചെയ്യുന്ന എം എ ബേബി വളരെ വേഗം ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കരുത്തനായ സംഘാടകനായ ആ പഴയ എസ് എഫ് ഐ ക്കാരനെ സഹപാഠികളും ഓർക്കുന്നു

അച്ഛൻ അലക്‌സാണ്ടറിൻ്റെ പിന്തുണയായിരുന്നു തുടക്കത്തിൽ കരുത്ത്.
1973ലെ അധ്യാപകസമരം പാർടി ഏറ്റെടുത്തപ്പോൾ നേതൃനിരയിൽ എം എ ബേബിയും ഉണ്ടായിരുന്നു. തുടർന്ന്‌ 53 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
സംസ്ഥാനത്തും ദേശീയനേതൃത്വത്തിലും എത്തിയ ബേബിയുടെ വളർച്ച പിന്നീട് അതിവേഗം ആയിരുന്നു. പാർടി പ്രവർത്തനത്തിൽ വിട്ടുവീഴ്‌ചയില്ലാതെ ചുമതലകൾ കൃത്യമായി നടപ്പാക്കുന്ന നേതൃപാടവമാണ് എം എ ബേബിയെന്ന രാഷ്ട്രീയ നേതാവിൻ്റെ പ്രത്യേകത.

Advertisement