എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ അവസാനഘട്ടത്തിലായിരിക്കെ കേസില്‍ സി ബി ഐ ആവശ്യമില്ല എന്ന വിലയിരുത്തലിലാണ് കോടതി.
ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നവെങ്കിലും ഇത് കോടതി തള്ളുകയായിരന്നു. തുടര്‍ന്നാണ് 2019 ല്‍ ദിലീപ് വീണ്ടും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സുതാര്യവും പക്ഷാപാതരഹിതവുമായ അന്വേഷണം നടക്കാന്‍ സിബി ഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നാണ് കോടതിയുടെ നീരീക്ഷണം. ഈ ഘട്ടത്തിലാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്‌താഖ്, പി.കൃഷ്‌ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് (ഏപ്രില്‍ 7) അന്തിമവാദം കേട്ടത്.
മുഖ്യപ്രതി പൾസർ സുനി ഏഴ് വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടന്‍ ദിലീപാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തതെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നുമാണ് സുനിയുടെ വെളിപ്പെടുത്തൽ. എട്ടുവര്‍ഷം മുന്‍പാണ് കൊച്ചിയില്‍ കാറില്‍ വച്ച് നടി പീഡനത്തിനിരയായത്.