2025 ഏപ്രിൽ 08 ചൊവ്വ
BREAKING NEWSപത്തനാപുരത്ത് ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ മദ്യപിച്ച് നാട്ടുകാരെ തെറി വിളിച്ച കൺട്രോൾ റൂമിലെ പോലീസുകാരനെ നാട്ടുകാർ പിടികൂടി
കടയ്ക്കൽ സ്വദേശിയായ സുമേഷ് എന്ന ഗ്രേഡ് എസ് ഐ യുടെ വാഹനം തടഞ്ഞ നാട്ടുകാരെ വാഹനമിടിക്കാൻ ശ്രമിച്ചു.

അഹമ്മദാബാദിലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പ്രിയങ്കാ ഗാന്ധി എം പി പങ്കെടുക്കില്ല.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ നടൻ ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിൻ്റെ തെളിവുകൾ എക്സൈസിന്
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത, 3 ജില്ലകളിൽ യല്ലോ
അലർട്ട് കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ മൂന്ന് ദിവസം യാത്രയ്ക്കായും അനുവദിച്ചിട്ടുണ്ട്.

കേരളീയം
തൊഴില്‍മന്ത്രിയുമാ
യുള്ള കൂടിക്കാഴ്ചയിലും തീരുമാനമാകാതെ ആശാ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രിയുടെ ആശ്വാസവാക്ക്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവില്‍ താരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.
കൊല്ലം കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ അഞ്ച് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ വാഹക കപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം ബെര്‍ത്തില്‍ എത്തും. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന് ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൂര്‍ണസജ്ജമാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാര്‍ട്ട് പോര്‍ട്ടലിലൂടെ ലഭിക്കും. ഏപ്രില്‍ 10 മുതല്‍ പഞ്ചായത്തുകളിലും സേവനമെത്തും.
ഗോഡ്സെയെ പ്രകീര്‍ത്തിച്ച് വിവാദത്തില്‍ ആയ ഷൈജ ആണ്ടവന്‍, യുവജന വിദ്യാര്‍ത്ഥി പ്രതിഷേധതത്തിനിടെ കാലിക്കറ്റ് എന്‍ഐടി യില്‍ ഡീന്‍ ആയി ചുമതലയേറ്റു. ഷൈജ ആണ്ടവന്റെ നിയമനത്തിനെതിരെ എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.
മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടില്‍ നടത്തി രക്തം വാര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജ്ജുദ്ദിന്‍ കസ്റ്റഡിയില്‍. പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.
കൈക്കൂലിക്കേസില്‍ വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതു. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്.
കൊല്ലത്ത് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാര്‍ സ്വദേശി ജെയ്മോനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു.
മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി. പുതുക്കുറിച്ചി സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള താഹാ റസൂല്‍ എന്ന വള്ളമാണ് 32 തൊഴിലാളികളുമായി അഴിമുഖത്ത് കുടുങ്ങിയത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും മണലില്‍ നിന്ന് വള്ളം ഇറക്കാനായില്ല.
പെട്രോള്‍ പമ്പിലെ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി.

ദേശീയം
ബോട്ട് അറ്റകുറ്റപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്യന്‍ നാവിക സേന. ഇന്ത്യന്‍ നാവികസേനയുടെ മിഷന്‍ ഡിപ്ലോയ്ഡ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎന്‍എസ് ത്രികാന്താണ് മധ്യ അറേബ്യന്‍ കടലില്‍ വെച്ച് വൈദ്യസഹായം നല്‍കിയത്.
സിവില്‍ തര്‍ക്കങ്ങളെ ഗുരുതര വകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്ന നടപടിയില്‍ യുപി പൊലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. യുപിയില്‍ നിയമവാഴ്ച പരിപൂര്‍ണ്ണമായി തകര്‍ന്നുവെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ വര്‍ധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളില്‍ നിന്ന് ഈടാക്കും.
ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി.2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.
പശ്ചിമബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് ശരിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജുഡീഷ്യറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബംഗാള്‍ ഹൈക്കോടതി 25,000 അധ്യാപക- അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു.
മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂര്‍ റാണ നല്‍കിയ അടിയന്തിര ഹേബിയസ് കോര്‍പസ് ഹര്‍ജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് തള്ളി

L അന്തർദേശീയം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.
പ്രതിഷേധങ്ങള്‍ക്കി
ടയിലും ചൈനയ്‌ക്കെതിരെ 50 ശതമാനം അധിക നികുതികൂടി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുമിച്ച് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിച്ച നെതന്യാഹുവും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കായികം
ഐപിഎല്ലില്‍ ഇന്നലെ നടന്ന അവസാന ഓവറിലേയ്ക്ക് നീണ്ട ത്രില്ലര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 67 റണ്‍സെടുത്ത വിരാട് കോലിയുടേയും 64 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 40 റണ്‍സെടുത്ത് ജിതേഷ് ശര്‍മയുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.