രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പോലീസ് എഴുതിത്തള്ളിയ പോക്സോ കേസ് കോടതി ഉത്തരവിലൂടെ അന്വേഷണത്തിന്

Advertisement

കോഴിക്കോട്.രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പോലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനിൽക്കുമെന്ന നിർണായക ഉത്തരവുമായി കോഴിക്കോട് പോക്സോ കോടതി. അഞ്ചാം ക്ലാസുകാരി ഇരയായ സംഭവത്തിൽ കേസെടുക്കാൻ സ്കൂൾ മാനേജർ നടത്തിയ ഇടപെടലിലാണ് നടപടി.ഒന്നാം പ്രതിയായ അധ്യാപകൻ ഉൾപ്പെടെ മൂന്നുപേർക്ക് കോടതി നോട്ടീസ് അയച്ചു.

2023 ഏപ്രിലിൽ കോഴിക്കോട് റൂറലിലെ ഒരു എയ്ഡഡ് സ്കൂളിൽ വച്ചായിരുന്നു സംഭവം. സ്കൂളിലെ മുതിർന്ന അധ്യാപകൻ ഓഫീസ് മുറിയിൽ വച്ച് അഞ്ചാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം , സ്കൂൾ മാനേജരാണ് പ്രധാനാധ്യാപികക്കും പോലീസിനും പരാതി നൽകിയത്. ഇരയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാതിരുന്ന പോലീസ് , മാനേജരുടെ നിരന്തര ഇടപെടലിനൊടുവിൽ ഒരു വർഷത്തിനിപ്പുറം കേസെടുത്തു. എന്നാൽ, അധ്യാപകൻ നടത്തിയത് പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റം എന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഭരണാനുകൂല സംഘടനയിൽ പെട്ട അധ്യാപകനായതിനാൽ, പോലീസ് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് പരാതിക്കാരന്റെ ആരോപണം.ദൃശ്യങ്ങൾ കണ്ട പ്രധാനാധ്യാപികയും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാനേജർ ആരോപിക്കുന്നു.


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കോഴിക്കോട് പോക്സോ കോടതി,
പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി.ഒന്നാം പ്രതിയായ എല്‍പി സ്കൂള്‍ അധ്യാപകനെതിരെ പോക്സോ ആക്ട് ഏഴ് ,എട്ട് സെക്ഷനുകളും, രണ്ടാം പ്രതി പ്രധാനാധ്യാപിക, മൂന്നാം പ്രതി അന്നത്തെ എഇഒ എന്നിവര്‍ക്കെതിരെ പോക്സോ ആക്ട് സെക്ഷന്‍ 21 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Advertisement