സ്വർണ്ണവില ഇന്നും കുത്തനെ ഇടിഞ്ഞു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂപ്പുകുത്തി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്.

ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്.

ചരിത്രത്തിൽ കാണാത്ത തരത്തിൽ ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില വിവാഹ പാർട്ടികളെയാണ് നടുക്കത്തിലാക്കിയത്. ഈ മാസം മൂന്ന് തൊട്ടാണ് വിലഇടിയാൻ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച്‌ ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തില്‍ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടല്‍.

സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ പറയുന്നത്.

അസാധാരണ വിലക്കയറ്റം മറ്റൊരു വലിയ മാറ്റവും സമൂഹത്തിലുണ്ടാക്കി. 50 പവൻ എടുക്കാനിരുന്നവർ 40 മതിയെന്ന് വച്ചു. കൊടും സമ്പന്നർ മാത്രമാണ് വിചാരിച്ച തൂക്കം വാങ്ങാൻ തീരുമാനിച്ചത്. അതായത് ജനം സ്വർണ്ണം വെറുത്തു. ഇനി വലിയ ഇടിവു കൂടി വന്നാൽ ജനത്തിന് മഞ്ഞലോഹത്തോടുള്ള വിശ്വാസ്യത കൂടി ഇല്ലാതാകും സമ്പാദ്യത്തിന് സ്വർണ്ണം വേണ്ടെന്ന് തീരുമാനമായാൽ വലിയ മാറ്റമാകും വിപണിയിലുണ്ടാവുക

Advertisement