സെക്രട്ടറിയറ്റിന് മുന്നിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞു, വൈകിട്ട് കൈ വെളളയിൽ കർപ്പൂരം കത്തിച്ച് പ്രതിഷേധിക്കും

Advertisement

തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി 19ന് അവസാനിക്കാനിരിക്കെ വ്യത്യസ്ഥമായ സമരമുറകളുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്നു. ഇന്ന് രാവിലെ കൈ ,കാൽ മുട്ടുകൊണ്ട് ഇഴഞ്ഞ് സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച സമരക്കാർ വൈകിട്ട് കൈവെള്ളയിൽ കർപ്പൂരം കത്തിച്ച് പ്രതിഷേധിക്കും. പഠിച്ച് പരിക്ഷയെഴുതി ജയിച്ച് കായിക ക്ഷമത പരീക്ഷയും ജയിച്ച ഉദ്യോഗാർത്ഥികളാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി വ്യത്യസ്ഥ സമരമുറകളുമായി ഏഴ് ദിനങ്ങൾ പിന്നിടുന്നത്. നാളിതുവരെ ഇവരെ കേൾക്കാൻ സർക്കാർ തയ്യാറായിട്ടുമില്ല .
അടുത്ത പട്ടിക വരുന്നതിനു മുൻപായി പരമാവധി പേർക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതു നടക്കുമോയെന്ന ആശങ്കയുമുണ്ട്. 
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 292 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ നിയമന ശുപാർശയെ തുടർന്ന് ജോലിയിൽ പ്രവേശിക്കാത്തവരുടെ 60 ഒഴിവുകൾ (എൻജെഡി) ഉൾപ്പെടെയാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 570 ഒഴിവുകൾ നിലവിലുണ്ടെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി ലഭിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

Advertisement