ഔദ്യോഗിക പാനലിനെതിരെ മത്സരം വേണ്ട, മത്സരം നടന്നാൽ സമ്മേളനം റദ്ദാക്കും; കടുപ്പിച്ച് സിപിഐ

Advertisement

തിരുവനന്തപുരം: സിപിഐ സമ്മേളനകാലത്തേക്കു കടന്നതോടെ ഭാരവാഹിത്വത്തിലേക്കു പരമാവധി മത്സരം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിർദേശമാണ് താഴേത്തട്ടിലേക്കു നൽകിയിരിക്കുന്നത്. ജില്ലാ നേതാക്കൾക്കാണ് ഇതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള മത്സരം നടക്കുകയാണെങ്കിൽ ആ സമ്മേളനം തന്നെ റദ്ദാക്കാനാണ് തീരുമാനം. വീണ്ടും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ സമ്മേളനം നടത്തി സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശമാണ് നേതാക്കൾക്കു നൽകിയിരിക്കുന്നത്. അടുത്തിടെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെയും മുൻ എംപി ചെങ്ങറ സുരേന്ദ്രനേയും സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം വിമർശനം ഉയർത്തുന്ന സാഹചര്യത്തിലാണ് സമ്മേളനങ്ങളിൽ വിഭാഗീയതയ്ക്കു തടയിടാനുള്ള നീക്കം സംസ്ഥാന നേതൃത്വം ശക്തമാക്കിയിരിക്കുന്നത്.

പാർട്ടിയുടെ ലോക്കൽ സമ്മേളനങ്ങളാണ് നടന്നുവരുന്നത്. അതു കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കും. സെപ്റ്റംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാന നേതൃത്വത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് താഴേത്തട്ടിലുള്ള സമ്മേളനങ്ങിൽ പോലും മത്സരങ്ങൾ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നത്.

പൂരം കലക്കൽ, ബ്രൂവറി വിഷയങ്ങളിൽ ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് പാർട്ടിയുടെ താഴേത്തട്ടിലുള്ള നേതാക്കൾ ഉന്നയിക്കുന്നത്. പല വിഷയങ്ങളിലും ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയാതെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്ന നിലയിലാണ് പാർട്ടിയെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് എതിർശബ്ദങ്ങൾ പരമാവധി ഒഴിവാക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ചർച്ചകളിലൂടെയാണ് പാർട്ടിയിൽ ശക്തമായ നിലപാടുകൾ രൂപീകരിക്കപ്പെടുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ ഉൾപാർട്ടി ജനാധിപത്യം നിലനിൽക്കുന്ന പാർട്ടിയാണ് സിപിഐ എന്നും മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ പ്രതികരിച്ചു.

Advertisement