വാര്‍ത്താനോട്ടം

Advertisement

2025 ഏപ്രിൽ 09 ബുധൻ

BREAKING NEWS

👉എൻ പ്രശാന്ത് ഐഎഎസ് നേരിട്ട് ഹാജരാകൻ നോട്ടീസ് നൽകി. ചീഫ് സെക്രട്ടറി പ്രശാന്തിനെ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.

👉കരുവന്നൂർ ബാങ്ക് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ സാക്ഷിയാക്കുമെന്ന് ഇ ഡി. ഇന്നലെ ഏഴ് മണിക്കൂർ മൊഴി എടുത്തിരുന്നു.

👉ഔഷധ മേഖലയ്ക്കും തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

👉മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും സൂത്രധാരനുമായ തഹാവൂർ റാണെയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും, നടപടികൾ അവസാന ഘട്ടത്തിൽ

👉ഇരുതലമൂരിയെ കടത്തിയ സംഭവത്തിൽ പിടിയിലായവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങി പിടിയിലായ പാലോട് റെയ്ഞ്ച് ഓഫീസറെ സസ്പെൻ്റ് ചെയ്തു.

👉കോഴിക്കോട് ചേമഞ്ചേരിയിൽ രാവിലെ 6.30 ഓടെ ടൈലുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് സ്ക്കൂട്ടർ യാത്രികനെ ഇടിച്ച് മറിഞ്ഞു.

🌴കേരളീയം🌴

🙏 സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന.

🙏 തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 കേരള സര്‍വകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തില്‍ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്.

🙏 കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണന്‍ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.

🙏 കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്.

🙏 സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാല്‍ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താന്‍ തമാശ പറഞ്ഞത്.

🙏 എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും ബിജെപിയെ താഴെ ഇറക്കാന്‍ എവിടെയൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു.

🙏 എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

🙏 പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ തള്ളി എം വി ജയരാജന്‍ . വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടിയെക്കാള്‍ വലുതായി പാര്‍ട്ടിയില്‍ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🙏 അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ഇവര്‍ക്കൊക്കെ കേരളത്തോട് പരമപുച്ഛമാണെന്നും ഇവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.

🙏 രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച കൊല്ലം പത്തനാപുരത്തെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാല്‍, ഡ്രൈവര്‍ സി. മഹേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. വകുപ്പതല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി സാമു മാത്യുവാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

🙏 ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് ആണ് മരിച്ചത്. ഒഴുക്കില്‍പെട്ട രണ്ട് സുഹൃത്തുക്കളെ രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.

🇳🇪 ദേശീയം 🇳🇪

🙏 പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി(101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. നാളെയാണ് സംസ്‌കാരച്ചടങ്ങുകള്‍.

🙏 പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

🇦🇺അന്തർദേശീയം🇦🇽

🙏 അമേരിക്ക – ചൈന വ്യാപാരയുദ്ധം അതിരു കടക്കുന്നു. ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി ചൈനയെ വെല്ലുവിളിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.

🙏അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു.

🙏 ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു സമുദ്രമാണെന്നാണ് വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം. അതേസമയം 70 ഓളം രാജ്യങ്ങള്‍ താരിഫ് ചര്‍ച്ചകള്‍ക്കായി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ലോകത്തിന് അമേരിക്കയുടെ ആവശ്യമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 36 പന്തില്‍ 87 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 47 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്കത്തിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു.

🙏 ഐപിഎല്ലില്‍, ഇന്നലെ നടന്ന മറ്റൊരു ത്രില്ലര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 42 പന്തില്‍ 103 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

🙏 കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

Advertisement