‘കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും’; വീണക്കെതിരെ കേസെടുക്കാനൊരുങ്ങി ഇ.ഡി; എസ്.എഫ്.ഐ.ഒയോട് മാസപ്പടി കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടു

Advertisement

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുക്കാൻ സാധ്യത.
മാസപ്പടി കേസുമായി ബന്ധപ്പെട്ട രേഖകള്‍ എസ്.എഫ്.ഐ.ഒയോട് ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്ന ഇ.ഡി കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് പറയുന്നത്.

നേരത്തെ കർണാടക ഹൈക്കോടതിയില്‍ ഈ കേസ് വന്നപ്പോഴാണ് ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എസ്‌എഫ്‌ഐഒയോട് ഇ.ഡി രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒയുടെ തുടർനടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിം.എം.ആർ.എല്‍ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളില്‍ വാദം കേള്‍ക്കുക. കേസില്‍ ടി. വീണയെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്ബനി കാര്യമന്ത്രാലയം പ്രോസികൂഷൻ നടപടികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആർ.എല്‍ എം.ഡി ശശിധരൻ കർത്തക്കും എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും സഹോദര സ്ഥാപനങ്ങള്‍ക്കുമെതിരെ കമ്പനികാര്യചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതല്‍ 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വീണ ഉള്‍പ്പെടെയുള്ളവർക്കെതിരായ 166 പേജ് കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

Advertisement