കരുവന്നൂർ സഹകരണ ബാങ്ക്  തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടിവരും

Advertisement

കൊച്ചി.കരുവന്നൂർ സഹകരണ ബാങ്ക്  തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടിവരുമെന്ന് ഹൈക്കോടതി. നാലുവർഷം കഴിഞ്ഞിട്ടും കേസന്വേഷിക്കുന്ന സംസ്ഥാന പൊലീസിന് ഒരൊറ്റ കുറ്റപത്രം പോലും നൽകാനാകാത്തത് ലജ്ജിപ്പിക്കുന്നതാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഇതിനിടെ മുൻമന്ത്രി എ സി മൊയ്തീൻ, സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും
ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ചോദിച്ചു.
ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ
കളളപ്പണക്കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖകൾ എടുത്തുകൊണ്ടു പോയതിനാലാണ് തങ്ങളുടെ അന്വേഷണത്തിന് തടസമുണ്ടായതെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.  ഇപ്പോഴത്തെ നിലയിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം കൂടി  വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചെങ്കിലും, വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഹർജിയിൽ നാളെ ഹാജരായി മറുപടി നൽകാൻ സിംഗിൾ ബെഞ്ച് സിബിഐ അഭിഭാഷകനോട് നിർദേശിച്ചു.

ഇതിനിടെ മുൻമന്ത്രി എ സി മൊയ്തീൻ, സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചു. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരടക്കം 80ലേറെ പേർ കേസിലെ പ്രതികളാകും.

Advertisement