കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പോലീസ് – ഇഡി പോര് മുറുകുന്നു

Advertisement

തൃശൂര്‍. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പോലീസ് – ഇഡി പോര് മുറുകുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കൈമാറിയില്ലെന്ന പോലീസിന്റെ ആരോപണം തള്ളി ഇഡി രംഗത്തെത്തി. ഇഡി രേഖകൾ നൽകിയതിന്റെയും പിന്നീട് തിരികെ ആവശ്യപ്പെട്ടതിന്റെയും തെളിവുകൾ പുറത്തായി. ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പോലീസിന് കൈമാറാൻ ഇഡി തീരുമാനിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകൾ കൈമാറാത്തത് കാരണമാണെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖകൾ സഹിതം ഇഡി പൂർണ്ണമായും തള്ളുന്നു. വിചാരണ കോടതി മുഖേന ക്രൈം ബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറി. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്.
മുഴുവൻ രേഖകളുടെയും ഒറിജിനൽ നൽകിയിട്ടുണ്ട്. നാലു മാസത്തേക്കാണ് രേഖകൾ വിട്ടു നൽകാൻ കോടതി നിർദ്ദേശിച്ച സമയപരിധിയെന്നും സമയപരിധി കഴിഞ്ഞിട്ടും രേഖകൾ തിരികെ നൽകാതെ ആയപ്പോൾ തങ്ങൾ വീണ്ടും കോടതിയെ സമീപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു.
രേഖകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ച് നൽകിയ മറുപടിയെന്നും ഇഡി രേഖകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. കേസ് സിബിഐക്ക് വിടുന്നതിൽ ഹൈക്കോടതി സിബിഐയുടെ നിലപാടും കഴിഞ്ഞദിവസം തേടിയിരുന്നു.

ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പോലീസിന് കൈമാറുമെന്ന് ഇഡി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമം എന്ന നിലയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ആയിരിക്കും കൈമാറ്റം.

Advertisement