മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം

Advertisement

കൊച്ചി:
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയിൽ ആണ് പണം അടയ്ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇടക്കാല സംവിധാനമെന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 500 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ വാദം. ഭൂമിയിലെ തേയില ചെടികളുടെയും മരങ്ങളുടെയും മൂല്യം കണക്കാക്കണം, നഷ്ടപരിഹാര തുക നേരിട്ട് കൈമാറണം തുടങ്ങിയ ആവശ്യങ്ങളും എൽസ്റ്റൺ എസ്റ്റേറ്റ് മുന്നോട്ടുവെച്ചിരുന്നു. 26 കോടി രൂപ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ കോടതി സർക്കാരിന് നേരത്തെ അനുമതി നൽകിയിരുന്നു.

ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നത്.

Advertisement