ഉപ്പുതറയിലെ കുടുംബത്തിന്‍റേത് തൂങ്ങിമരണം; രേഷ്മ രണ്ട് മാസം ഗര്‍ഭിണി, പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

Advertisement

ഇടുക്കി: ഉപ്പുതറയില്‍ ആത്മഹത്യചെയ്ത കുടുംബത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. നാല് പേരും തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഉപ്പുതറ ഒൻപതേക്കർ എം.സി. കവലയ്ക്കു സമീപം പട്ടത്തമ്ബലം സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(അഞ്ച്), ദിയ(നാല്) എന്നിവരാണ് മരിച്ചത്. അമ്മ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു.

മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി. സംശയം തോന്നിയതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സമ്മർദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്‍റെ അച്ഛൻ പറഞ്ഞു.

Advertisement