കൊച്ചി.മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെൻ്റ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് എതിർ കക്ഷികൾ ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഡിവിഷൻ ബഞ്ചിൻ്റെ നിർദ്ദേശം. ജസ്റ്റിസുമാരായ അമിത് റാവൽ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ച് വരുത്തണം എന്ന വഖ്ഫ് ബോർഡിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം വഖ്ഫ് ട്രൈബ്യൂണൽ തള്ളി. ഇതിനെതിരെയാണ് വഖ്ഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ നിർദ്ദേശം നൽകണം എന്നാണ് വഖ്ഫ് ബോർഡിൻ്റെ ആവശ്യം. വഖ്ഫ് ബോർഡിൻ്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെയ് 26ന് വീണ്ടും പരിഗണിക്കും.